പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു ; സംഭവത്തില്‍ കുട്ടിയുടെ മാതാവും കുട്ടിയെ വിവാഹം കഴിച്ച യുവാവും അറസ്റ്റില്‍ ; ചൈല്‍ഡ്‌ലൈനില്‍ പരാതി നല്‍കിയത് പെണ്‍കുട്ടിയുടെ സഹോദരന്‍


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു ; സംഭവത്തില്‍ കുട്ടിയുടെ മാതാവും കുട്ടിയെ വിവാഹം കഴിച്ച യുവാവും അറസ്റ്റില്‍ ; ചൈല്‍ഡ്‌ലൈനില്‍ പരാതി നല്‍കിയത് പെണ്‍കുട്ടിയുടെ സഹോദരന്‍


അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവും കുട്ടിയെ വിവാഹം കഴിച്ച യുവാവും അറസ്റ്റില്‍. കടമ്പനാട് സ്വദേശി ആദിത്യനാണ് 17 വയസുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്തത്്. ഇയാളെയും വിവാഹം നടത്തിക്കൊടുത്ത പെണ്‍കുട്ടിയുടെ മാതാവിനെയുമാണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ മാതാപിതാക്കളുമായി ആലോചിച്ച് സമ്മതം നേടിയ ശേഷമാണ് വിവാഹം നടത്തിയതെന്നു പറയുന്നു.

സ്വകാര്യ ബസിലെ കണ്ടക്ടറായ ആദിത്യനും 17 വയസുള്ള പെണ്‍കുട്ടിയും തമ്മില്‍ രണ്ടുവര്‍ഷമായി അടുപ്പത്തിലായിരുന്നു. അനധികൃത വിവാഹത്തിനുശേഷം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ അഞ്ചാം മാസം ആദിത്യന്‍ വയനാടിനു കൊണ്ടുപോയി. ഇയാളുടെ മാതാപിതാക്കള്‍ അവിടെ ജോലിചെയ്യുന്നുണ്ടായിരുന്നു. വയനാട്ടിലെ കൈനാടി ഗവ. ആശുപത്രിയില്‍വച്ച് ഒരാണ്‍കുഞ്ഞിനു ജന്മം നല്‍കിയ പെണ്‍കുട്ടി നാലുമാസം കഴിഞ്ഞ് കുഞ്ഞുമായി തിരിച്ചുവന്ന് യുവാവിനൊപ്പം താമസിക്കുകയായിരുന്നു. പിന്നീട് ആദിത്യനുമായി പിണക്കത്തിലായി.

ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ ചൈല്‍ഡ്‌ലൈനില്‍ വിവരമറിയിച്ചതോടെയാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നിര്‍ദേപ്രകാരം ഏനാത്ത് പോലീസ് കേസെടുത്തത്. ആദിത്യനെ ഒന്നാം പ്രതിയും പെണ്‍കുട്ടിയുടെ മാതാവിനെ രണ്ടാം പ്രതിയുമാക്കിയാണു കേസ്. ഇവര്‍ ഭര്‍ത്താവുമായി പിരിഞ്ഞുനില്‍ക്കുകയാണ്. യുവാവിന്റെ മാതാപിതാക്കള്‍ കേസില്‍ മൂന്നും നാലും പ്രതികളാണ്.

പെണ്‍കുട്ടിയുടെ മാതാവ് താമസിക്കുന്ന വാടകവീട്ടില്‍ ഇയാള്‍ നിത്യസന്ദര്‍ശകനായിരുന്നു. കഴിഞ്ഞവര്‍ഷം കുട്ടിയുടെ പ്ലസ്‌വണ്‍ പരീക്ഷാസമയത്ത് മാതാവ് ആദിത്യനെ വിളിച്ചുവരുത്തി. തുടര്‍ന്ന് ഇയാളുടെ മാതാപിതാക്കളോടു സമ്മതം വാങ്ങിയശേഷം കുട്ടിയെ ഒപ്പം വിടുകയായിരുന്നു. പിന്നീട് ക്ഷേത്രത്തില്‍വച്ച് ഇവരുടെ താലികെട്ടും നടത്തി. കുട്ടി ഗര്‍ഭിണിയായപ്പോള്‍ ഇതു മറച്ചുവയ്ക്കാനാണ് വയനാട്ടിലെത്തിത്തിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശാസ്താംകോട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും ആദിത്യന്‍ പ്രതിയാണെന്ന് അനേ്വഷണത്തില്‍ വ്യക്തമായി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.