ദമാസ്ക്കസ്: സിറിയന്‍ പ്രസിഡന്‍റ് ബഷാര്‍ അല്‍ അസദും കുടുംബവും മോസ്‌കോയിലെന്ന് സ്ഥിരീകരണം. അസദിനും കുടുംബത്തിനും റഷ്യ അഭയം നൽകിയെന്നാണ് റഷ്യൻ വാർത്താ ഏജൻസി ടാസ് (TASS) സ്ഥിരീകരിച്ചത്. ബഷാർ അൽ അസദ് സിറിയ വിട്ടെന്ന് റഷ്യ സ്ഥിരീകരിച്ചിരുന്നെങ്കിലും എവിടെയാണെന്ന് വ്യക്തമാക്കിയിരുന്നില്ല. നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷ ഉറപ്പ് നല്‍കിയെന്ന് ക്രെംലിന്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, എച്ച് ടി എസിനെയും സിറിയൻ ജനതയെയും താലിബാൻ അഭിനന്ദിച്ചു.
പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സിറിയൻ തലസ്ഥാനമായ ദമാസ്‌കസും വിമത സായുധ സംഘം പിടിച്ചെടുത്തത്. അബു മുഹമ്മദ് അൽ ജുലാനിയാണ് അസദിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് സിറിയയിൽ ഭരണത്തിലേറുന്നത്. അമേരിക്ക തലയ്ക്ക് 10 കോടി വിലയിട്ട കൊടുംഭീകരൻ ആയിരുന്നു ജുലാനി. പ്രസിഡന്റും രാജ്യം വിട്ടോടിയതോടെ ജനം തെരുവിലിറങ്ങി. പതിറ്റാണ്ടുകളായി തല ഉയർത്തി നിന്ന ബഷാർ അൽ അസദിന്റെ പ്രതിമകൾ ജനം തകർത്തെറിഞ്ഞു. സിറിയൻ സൈന്യവും സുരക്ഷാ സേനയും ദമാസ്കസ് രാജ്യാന്തര വിമാനത്താവളം ഉപേക്ഷിച്ചു പോയി. സുപ്രധാന ഭരണ കാര്യാലയങ്ങളിൽ നിന്ന് എല്ലാം സൈന്യം പിന്മാറി. പലയിടത്തും ജയിലുകൾ തകർത്ത വിമതർ തടവുകാരെ കൂട്ടത്തോടെ മോചിപ്പിച്ചു.
74 ശതമാനം സുന്നി മുസ്ലിങ്ങളും 13 ശതമാനം ഷിയാക്കളും പത്ത് ശതമാനം ക്രൈസ്തവരും ഉള്ള ഒരു രാജ്യത്തിൻ്റെ ഭരണ നേതൃത്വം ഭീകര ബന്ധമുള്ള സായുധ സംഘത്തിന്റെ കൈകളിൽ എത്തുമ്പോൾ എന്താകും സിറിയയുടെ ഭാവി എന്ന ആശങ്ക ശക്തം. ലോകത്തെ വൻശക്തി രാജ്യങ്ങൾ ഒന്നും പ്രശ്‌നത്തിൽ ഉടൻ ഇടപെടാൻ തയാറല്ല. സ്ഥിതി നിരീക്ഷിക്കുന്നു എന്നാണ് അമേരിക്കയുടെ പ്രതികരണം.