'പ്രിയപ്പെട്ടവരുടെ ചോര കണ്ടു പോലും ഭയന്നില്ല'; ആക്രമിക്കപ്പെട്ട കോൺഗ്രസ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സുധാകരൻ


'പ്രിയപ്പെട്ടവരുടെ ചോര കണ്ടു പോലും ഭയന്നില്ല'; ആക്രമിക്കപ്പെട്ട കോൺഗ്രസ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സുധാകരൻ

@noorul ameen 

കണ്ണൂര്‍: പിണറായി വെണ്ടുട്ടായിയിലെ കോൺഗ്രസ്‌ ഓഫീസിന് നേരെ ആക്രമണം നടന്ന ഒഫീസ് ഉദ്ഘാടനം ചെയ്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെട്ടിത്തിന്റെ ജനൽ ചില്ലുകൾ തകർത്ത്, വാതിലിന് തീയിട്ടിരുന്നു. പിന്നിൽ സിപിഎം ആണെന്നായിരുന്നു കോൺഗ്രസ്‌ ആരോപണം. ഇന്ന് രാവിലെയായിരുന്നു ജനൽ ചില്ലുകൾ തകർത്ത നിലയിൽ കണ്ടത്. സിസിടിവി കണക്ഷൻ വിച്ഛേദിച്ച നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിരുന്നു.

ഓഫീസിന്റെ ഉദ്ഘാടന ചിത്രത്തോടൊപ്പം കുറിപ്പും പങ്കുവച്ചാണ് സുധാകരൻ ഓഫീസ് ഉദ്ഘാടനം ചെയ്തതായി അറിയിച്ചത്. സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചാണ് കെ സുധാകരന്റെയും കുറിപ്പ്.  പ്രിയപ്പെട്ടവരുടെ ചോര കണ്ടു പോലും ഞങ്ങൾ ഭയന്ന് പിന്മാറിയിട്ടില്ല ഓഫീസ് തല്ലി തകർത്താൽ  കോൺഗ്രസുകാർ പ്രവർത്തനം അവസാനിപ്പിക്കില്ലെന്ന് ഇനിയെന്നാണ് സിപിഎമ്മിന്റെ ഗുണ്ടകൾ തിരിച്ചറിയുകയെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

കെ സുധാകരന്റെ കുറിപ്പിങ്ങനെ..

കോൺഗ്രസിനെ നെഞ്ചോട് ചേർത്ത അനേകം പോരാളികളുടെ ചോര വീണ മണ്ണാണ് കണ്ണൂർ. ആ ചോരയിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മൂവർണ്ണക്കൊടി വേരുപിടിച്ച് നിൽക്കുന്നത്. പ്രിയപ്പെട്ടവരുടെ ചോര കണ്ടു പോലും ഞങ്ങൾ ഭയന്ന് പിന്മാറിയിട്ടില്ല.  ഓഫീസ് തല്ലി തകർത്താൽ  കോൺഗ്രസുകാർ പ്രവർത്തനം അവസാനിപ്പിക്കില്ലെന്ന് ഇനിയെന്നാണ് സിപിഎമ്മിന്റെ ഗുണ്ടകൾ തിരിച്ചറിയുക? ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ തുടക്കകാലത്തെ സന്തതസഹചാരിയായിരുന്ന വെണ്ടുട്ടായി ബാബുവിനെ കുത്തിക്കൊന്നശേഷം ശവസംസ്കാരം പോലും നടത്താൻ സമ്മതിക്കാതിരുന്ന സിപിഎം ക്രൂരതയെ പറ്റി പലവട്ടം ഞാൻ പറഞ്ഞിട്ടുണ്ട്.

ആ വെണ്ടുട്ടായിയിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുതിയ ബൂത്ത് കമ്മിറ്റി ഓഫീസ് നിർമിച്ചത്. രാത്രിയുടെ മറവിൽ ഓഫീസ് തകർക്കുന്ന നാണംകെട്ട രാഷ്ട്രീയമാണ് സിപിഎം സ്വീകരിച്ചത്. സിപിഎമ്മിന്റെ വെല്ലുവിളി സ്വീകരിച്ചു കൊണ്ടുതന്നെ ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചിട്ടുണ്ട്. എത്ര ഗുണ്ടകളെ ഇറക്കി നിങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ചാലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂവർണ്ണക്കൊടി അവിടെ ഉയർന്നു പറക്കും. അതിനു സാക്ഷിയായി പ്രിയദർശിനി മന്ദിരവും അവിടെത്തന്നെ ഉണ്ടാകും.