റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്‍റെ മോചന ഹർജി നാല് ദിവസത്തിനകം റിയാദ് കോടതി വീണ്ടും പരിഗണിക്കും.
ഡിസംബർ 12 (വ്യാഴം) ഉച്ചക്ക് 12.30നാണ് അടുത്ത സിറ്റിങ്. അന്ന് മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് റഹീമിന്‍റെ അഭിഭാഷകൻ ഒസാമ അൽ അമ്പറും റിയാദ് സഹായസമിതി ഭാരവാഹികളും അറിയിച്ചു. ഇന്ന് (ഞായറാഴ്ച) റിയാദ് ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിങ്ങിനൊടുവിൽ അന്തിമ വിധി പറയൽ മറ്റൊരു ദിവസത്തേക്ക് മാറ്റിയിരുന്നു. ആ തീയതിയാണ് അൽപം മുമ്പ് കോടതി അഭിഭാഷകനെ അറിയിച്ചത്.
സൗദി ബാലന്‍റെ മരണത്തിൽ റഹീമിന്‍റെ പങ്ക് സംബന്ധിച്ച് പ്രോസിക്യൂഷൻ നിലപാട് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ റഹീമിന് പറയാനുള്ളതും കോടതിയിൽ സമർപ്പിച്ചു. ഇവ സ്വീകരിച്ച ശേഷമാണ് അന്തിമ വിധിയിലേക്ക് കടക്കാതെ കോടതി കേസ് മാറ്റിയത്.
രേഖകകളുടെ കാര്യത്തിലുൾപ്പടെയുള്ള സാങ്കേതിക കാരണങ്ങളാണ് കേസ് മാറ്റാൻ കാരണമായതെന്നാണ് സൂചന.
പബ്ലിക് റൈറ്റ്സ് പ്രകാരമുള്ള നടപടികൾ തീർത്ത അന്തിമ ഉത്തരവ്, മോചന ഉത്തരവ് എന്നവയാണ് കോടതിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. അവസാനഘട്ടത്തിലെത്തി ഇത് മൂന്നാം തവണയാണ് കേസ് മാറ്റിവെക്കുന്നത്.