തിരുവനന്തപുരം; വൈദ്യുതി നിരക്ക് വര്‍ധനക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ വിശദീകരണവുമായി കെഎസ്ഇബി. കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ 2024 ഡിസംബര്‍ 5 മുതല്‍ പ്രാബല്യത്തോടെ പ്രഖ്യാപിച്ച താരിഫ് ഉത്തരവ് വൈദ്യൂതി നിരക്കില്‍ നാമമാത്രമായ വര്‍ധനവ് മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ഉണ്ടായിട്ടുള്ളതെന്നാണ് കെഎസ്ഇബി വിശദീകരണം.
ഓരോ വിഭാഗങ്ങള്‍ക്കും വരുന്ന വര്‍ധനയെ കുറിച്ചുള്ള കെഎസ്ഇബിയുടെ വിശദീകരണം ഇങ്ങനെ
1. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ യൂണിറ്റിന് ശരാശരി 16.94 പൈസയുടെയും 2025-26 വര്‍ഷത്തില്‍ 12.68 പൈസയുടെയും മാത്രം വര്‍ധനവാണ് വരിക.
2. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 2024-25ല്‍ 3.56 ശതമാനത്തിന്റെയും 2025-26-ല്‍ 3.2 ശതമാനത്തിന്റെയും വര്‍ധനവാണ് വരുത്തിയിട്ടുള്ളത്. എല്‍ടി വ്യാവസായിക ഉപഭോക്താക്കള്‍ക്കാകട്ടെ 2024-25ല്‍ 2.31 ശതമാനവും, 2025-26ല്‍ 1.29 ശതമാനവും ആണ് വര്‍ധനവുണ്ടാവുക എച്ച് ടി വ്യാവസായിക ഉപഭോക്താക്കളുടെ പരമാവധി വര്‍ധനവ് 1.20 ശതമാനവുമാണ്.
3. ഗാര്‍ഹിക വിഭാഗം ഉപഭോക്താക്കളില്‍ പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് നിരക്ക് വര്‍ധന ഇല്ലാതെ 1.50 രൂപാ നിരക്കില്‍ തുടര്‍ന്നും വൈദ്യുതി ലഭ്യമാക്കും. 32,000 ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളില്‍ കാന്‍സര്‍ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉണ്ടെങ്കില്‍ പ്രതിമാസം 100 യൂണിറ്റുവരെയുള്ള ഉപയോഗത്തിന് താരിഫ് വര്‍ധന ഇല്ല. ഈ വിഭാഗത്തിന്റെ കണക്റ്റഡ് ലോഡ് പരിധി 1000 വാട്ടില്‍ നിന്ന് 2000 വാട്ടായി ഉയര്‍ത്തിയിട്ടുമുണ്ട്.
4. 50 യൂണിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഫിക്‌സഡ് ചാര്‍ജില്‍ അഞ്ചുരൂപയുടെയും, എനര്‍ജി ചാര്‍ജില്‍ 5 പൈസയുടെയും വര്‍ധനവാണ് വരുത്തിയിട്ടുള്ളത്. അതായത് ആകെ പ്രതിമാസ വര്‍ധനവ് 10 രൂപ മാത്രമാണ്. പ്രതിദിന വര്‍ധനവ് 26 പൈസയുമാണ്. ഏകദേശം 26 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ ആണ് ഈ വിഭാഗത്തിലുള്ളത്.
5. 250 യൂണിറ്റ് വരെ പ്രതിമാസ ഉപയോഗം ഉള്ളവര്‍ക്ക് അഞ്ച് മുതല്‍ 15 രൂപ വരെയാണ് വര്‍ധനവ് വരുത്തിയിട്ടുള്ളത്. എനര്‍ജി ചാര്‍ജില്‍ 10 മുതല്‍ 30 പൈസ വര്‍ധനവ് വരുത്തിയിട്ടുണ്ട്. 250 യൂണിറ്റ് ഉപയോഗിക്കുന്ന ഒരു ഗാര്‍ഹിക ഉപഭോക്താവിനുണ്ടാകുന്ന വര്‍ധനവ് 48 രൂപയാണ്.
6. 250 യൂണിറ്റിനു മുകളില്‍ ഉപഭോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ToD (ടൈം ഓഫ് ഡേ) ബില്ലിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തും. ഇവരുടെ പകല്‍ സമയത്തെ എനര്‍ജി ചാര്‍ജില്‍ 10 ശതമാനം ഇളവ് നല്‍കും. വീടിനോട് ചേര്‍ന്ന് ചെറു വാണിജ്യവ്യവസായ സംരംഭങ്ങള്‍ (നാനോ യൂണിറ്റ്) നടത്തുന്ന വീട്ടമ്മമാര്‍ക്കുള്‍പ്പെടെ പകല്‍ വൈദ്യുതി നിരക്ക് കുറയുന്നത് സഹായകരമാകും. അഞ്ച് ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
7.വാണിജ്യ ഉപഭോക്താക്കള്‍ക്ക് എനര്‍ജി ചാര്‍ജില്‍ വര്‍ധനയില്ല. മീറ്റര്‍ വാടകയും വര്‍ധിപ്പിച്ചിട്ടില്ല
8. എല്‍ടി വ്യാവസായിക ഉപഭോക്താക്കള്‍ക്ക് പകല്‍ സമയത്ത് എനര്‍ജി ചാര്‍ജില്‍ 10 ശതമാനം കുറവ് വരുത്തും. ഈ വിഭാഗം ഉപഭോക്താക്കള്‍ക്ക് താരിഫില്‍ വര്‍ധനവ് ഉണ്ടാകുമെങ്കിലും, പകല്‍ സമയത്തെ ToD നിരക്കില്‍ ഇളവ് അനുവദിച്ചിട്ടുള്ളതിനാല്‍ പ്രതിമാസ വൈദ്യുതി ചാര്‍ജില്‍ കുറവ് വരുമെന്നാണ് കണക്കാക്കപെട്ടിട്ടുള്ളത്.