കാഠ്മണ്ഡു: നേപ്പാളിലും ടിബറ്റിലുമായി ഇന്ന് പുലര്‍ച്ചെ ഉണ്ടായ അതിശക്തമായ ഭൂചലനത്തില്‍ ചൈനയില്‍ 53 പേര്‍ മരണമടഞ്ഞതായും വന്‍ തോതില്‍ നാശനഷ്ടം ഉണ്ടായതായും റിപ്പോര്‍ട്ട്. 7.1 രേഖപ്പെടുത്തിയ അതിശക്തമായ ചലനമാണ് നേപ്പാള്‍ ടിബറ്റ് അതിര്‍ത്തിയില്‍ ഉണ്ടായത്.
ഭൂചലനത്തിന്റെ പ്രകമ്പനം ചൈനയില്‍ ഉടനീളവും ഇന്ത്യയിലും ഭൂട്ടാനിലും ബംഗ്‌ളാദേശിലും വരെയുണ്ടായി. സിംഹ്വാ ന്യൂസ് ഏജന്‍സി പുറത്തുവിട്ട ആദ്യ വാര്‍ത്തയില്‍ 53 പേര്‍ മരണമടഞ്ഞതായും 62 പേര്‍ക്ക് പരിക്കേറ്റതായുമാണ് പറയുന്നത്.
തകര്‍ന്നുവീണ വീടിന്റെയും അവശിഷ്ടങ്ങളുടെയും വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 9.05 നായിരുന്നു ഭൂചലനമുണ്ടായത്. ആദ്യ ചലനത്തിന് പിന്നാലെ രണ്ടാമതും ഭൂചലനമുണ്ടായതായി അമേരിക്കന്‍ ജീയോളജി സര്‍വേ വ്യക്തമാക്കി.
ആദ്യ ചലനം ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം രാവിലെ 6.35 നായിരുന്നെന്നും ആ ചലനം 4.7 ആയിരുന്നു രേഖപ്പെടുത്തിയതെന്നും രണ്ടാമത്തെ ചലനം 7.02 നായിരുന്നെന്നും ഇവര്‍ വ്യക്തമാക്കുന്നു.
2008 ല്‍ ചൈനയില്‍ 8.0 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 69,180 പേരായിരുന്നു മരണമടഞ്ഞത്. ഇതില്‍ 68636 പേര്‍ സിചുവാന്‍ പ്രവിശ്യക്കാരായിരുന്നു. 18,498 പേരെ ഇപ്പോഴും കിട്ടിയിട്ടില്ല. 374,176 പേര്‍ക്കാണ് പരിക്കേറ്റത്. 2015 ല്‍ നേപ്പാളിലുണ്ടായ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 9000 പേരാണ് മരണമടഞ്ഞത്. 22,000 പേര്‍ക്ക് പരിക്കേറ്റു. അഞ്ചുലക്ഷത്തോളം വീടുകളാണ് തകര്‍ന്നു വീണത്.