കൊല്ലം: ചടയമംഗലത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ശനിയാഴ്ച രാത്രി 11.30 നുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട് . ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികൾ ഉൾപ്പടെ മൂന്ന് പേർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. (Accident)
ചടയമംഗലം നെട്ടേത്തറയിൽ വച്ച് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപെട്ടത്. കാറിലുണ്ടായിരുന്ന ഇതരസംസ്ഥാനക്കാരനാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. മരിച്ചയാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. അപകടം നടന്ന ഉടനെ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.
മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ തിരിച്ചറിയുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.