പെരിയ ഇരട്ടക്കൊല കേസ്; കെവി കുഞ്ഞിരാമനടക്കം നാല് പ്രതികൾ ജയിൽ മോചിതരായി; നടപടി ശിക്ഷാവിധിയിൽ സ്റ്റേ കിട്ടിയതിന് പിന്നാലെ; ജയിലിന് മുന്നിൽ തടിച്ചുകൂടി നേതാക്കൾ

പെരിയ ഇരട്ടക്കൊല കേസ്; കെവി കുഞ്ഞിരാമനടക്കം നാല് പ്രതികൾ ജയിൽ മോചിതരായി; നടപടി ശിക്ഷാവിധിയിൽ സ്റ്റേ കിട്ടിയതിന് പിന്നാലെ; ജയിലിന് മുന്നിൽ തടിച്ചുകൂടി നേതാക്കൾ



കാസർകോട്: പെരിയ ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ട് ശിക്ഷാവിധിയിൽ സ്റ്റേ കിട്ടിയ നാല് സിപിഎം നേതാക്കൾ ജയിൽ മോചിതർ. പ്രതികളെ സ്വീകരിക്കാനായി കാസർകോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ, സിപിഎം സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്രൻ തുടങ്ങിയവർ ജയിലിൽ എത്തി.

കാസർകോട് നിന്നുള്ള കൂടുതൽ നേതാക്കളും പ്രവർത്തകരും ജയിലിൽ എത്തുന്നുണ്ട്. ഉത്തരവ് ലഭിച്ചു കഴിഞ്ഞ സാഹചര്യത്തിൽ അൽപ്പസമയത്തിനകം പ്രതികൾ പുറത്തിറങ്ങും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ഉദുമ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ, പ്രാദേശിക സിപിഎം നേതാക്കളായ കെ മണികണ്ഠൻ, വെലുത്തോളി രാഘവൻ, കെവി ഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

അതേസമയം, സിപിഎം യാതൊരു തരത്തിലുള്ള സ്വീകരണ പരിപാടിയും സംഘടിപ്പിച്ചിട്ടില്ലെന്ന് എംവി ബാലകൃഷ്ണൻ പറഞ്ഞു. ​ഗൂഢാലോചന നടത്തിയെന്ന് സിബിഐ കോടതിയാണ് പറഞ്ഞത്. അതിന് തെളിവൊന്നുമില്ല. കാസർകോടുള്ള നേതാക്കളാണ് ഇവിടെ എത്തിയിട്ടുള്ളത്. നിലവിൽ ഇവർ ജാമ്യത്തിലാണ്.

അപ്പീൽ കോടതിയിൽ മറ്റു കാര്യങ്ങളുമായി മുന്നോട്ട് പോവുമെന്നും എംവി ബാലകൃഷ്ണൻ പറഞ്ഞു. പ്രതികൾക്ക് സ്വീകരണമൊരുക്കാൻ ശ്രമിച്ചെങ്കിലും പോലീസ് അനുമതി ലഭിച്ചില്ലെന്നാണ് വിവരം. കൂടാതെ പാർട്ടിയിൽ നിന്ന് തന്നെ ഇതിൽ എതിർപ്പ് ഉണ്ട്. ശിക്ഷ അന്തിമമല്ലെന്നും, തിരിച്ചടിയാവാൻ സാധ്യത ഉണ്ടെന്നും കണ്ടാണ് പിൻമാറിയത്. നേരത്തെ, ജയിലിലേക്ക് എത്തിക്കുമ്പോൾ പാർട്ടി പ്രവർത്തരുൾപ്പെടെ മുദ്രാവാക്യം വിളിച്ചാണ് വന്നത്. പി ജയരാജനും എത്തിയിരുന്നു. ഇന്നലെ പികെ ശ്രീമതി ടീച്ചറും പിപി ദിവ്യയും ജയിലിലെത്തിയിരുന്നു.