ആറളം, അയ്യൻകുന്ന് വില്ലേജുകളിലെ പുഴ പുറമ്പോക്ക് പ്രശ്‌നം: ഭൂരേഖകളുടെ പരിശോധന തുടങ്ങി
ഇരിട്ടി: ആറളം, അയ്യൻകുന്ന് വില്ലേജുകളിലെ ജനവാസ മേഖലകൾ പുഴ പുറമ്പോക്കായി കാണക്കാക്കിക്കൊണ്ട് റീസർവ്വെ വിഭാഗം നടത്തിയ സർവ്വെയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടി തുടങ്ങി. ലാൻഡ് റവന്യു കമ്മീഷണറുടെ നിർദ്ദേശ പ്രകാരം രൂപവത്ക്കരിച്ച പ്രത്യേക റവന്യു സംഘം ആറളം വില്ലേജിൽ എത്തി രേഖകളുടെ പരിശോധന തുടങ്ങി. 50തോളം രേഖകളാണ് ശനിയാഴ്ച്ച പരിശോധിച്ചത്. ഇരിട്ടി ഭൂരേഖാ വിഭാഗം തഹസിൽദാർ എം. ലക്ഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് രേഖകളുടെ ആധികാരികത പരിശോധിക്കുന്നത്. പ്രദേശത്തുകാരുടെ കൈവശമുള്ള പട്ടയങ്ങളുടെ സ്വഭാവം, നികുതി രസീത് എന്നിവയാണ് പരിശോധിക്കുന്നത്. വി.കെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കർമ്മ സമിതി ഭാരവാഹികളും പരിശോധനയിൽ പങ്കെടുത്തു.