കണ്ണൂരില്‍ ആംബുലൻസിന്റെ വഴിമുടക്കിയ കാറിന്‍റെ ഡ്രൈവർ ഡോക്ടര്‍, കേസെടുത്തു
കണ്ണൂർ: രോഗിയുമായി പോയ ആംബുലൻസിന്റെ വഴിമുടക്കിയ സംഭവത്തിൽ കാർ യാത്രികനെ തിരിച്ചറിഞ്ഞു. പിണറായി സ്വദേശി ഡോ. രാഹുൽ രാജ് ആണു പ്രതി. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച വയോധിക മരിച്ചിരുന്നു. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ നൽകിയ പരാതിയിലാണ് കതിരൂർ പൊലീസ് കേസെടുത്തത്. പ്രതിയിൽനിന്ന് എംവിഡി പിഴ ഈടാക്കി. ആശുപത്രിയിൽ എത്താൻ വൈകിയതിനെ തുടർന്ന് മട്ടന്നൂർ സ്വദേശി റുക്കിയ(61) മരിച്ചിരുന്നു.
കഴിഞ്ഞ ദിവസം എരഞ്ഞോളി നായനാർ റോഡിലായിരുന്നു കേസിനാസ്പദമായ സംഭവം. ഹൃദയാഘാതത്തെ തുടർന്ന് രോഗിയുമായി തലശ്ശേരിയിലെ ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലൻസിനാണ് കാർ വഴി നൽകാതിരുന്നത്. അരമണിക്കൂറോളം ആംബുലൻസിന് തടസമുണ്ടാക്കി കാർ മുന്നിൽ തുടർന്നു. ആശുപത്രിയിൽ എത്തിച്ച റുക്കിയ അൽപസമയത്തിനകം തന്നെ മരിച്ചു.